റോബിൻ രാധാകൃഷ്ണൻ ആരതി പൊടി വിവാഹ തീയതി വെളിപ്പെടുത്തി
Dr. Robin Radhakrishnan and Arathi Podi announces wedding date
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ആരതി പൊടിയുമായുള്ള വിവാഹ തീയതി പുറത്തുവിട്ടു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷം ഫെബ്രുവരി 16 നായിരുന്നു നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹ നിശ്ചയം. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അന്ന് അറിയിച്ചിരുന്നുവെങ്കിലും എന്നായിരിക്കും വിവാഹം എന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വാർഷികത്തിൽ തങ്ങളുടെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് റോബിൻ.
വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വർഷം ആയിട്ടും ഇരുവരും തമ്മിലുള്ള വിവാഹം എന്തേ വൈകിപ്പോകുന്നതെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. അടുത്തിടെ ഇത് സംബന്ധിച്ച് ചില ഇന്റർവ്യൂകളിൽ ആരതിയോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. വിവാഹ നിശ്ചയ വാർഷിക ദിനത്തിൽ വിവാഹ തീയതി വെളിപ്പെടുത്തുമെന്നായിരുന്നു അന്ന് ആരതി പൊടി മറുപടി നൽകിയത്. ഇപ്പോഴിതാ ആരതി പറഞ്ഞത് പോലെ തന്നെ ആരാധകരുമായി ആ സന്തോഷ വാർത്ത പങ്കിട്ടിരിക്കുന്നത്.
ജൂൺ 26 നാണ് തങ്ങളുടെ വിവാഹം എന്നാണ് റോബിൻ സമൂഹ മാധ്യമത്തിൽ കൂടി അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രം പങ്കിട്ട് കൊണ്ടായിരുന്നു റോബിന്റെ കുറിപ്പ്. എല്ലാവരുടേയും അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണമെന്ന് റോബിൻ കുറിച്ചു. പോസ്റ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ബിഗ് ബോസ് സീസൺ 4 ന് പിന്നാലെയാണ് റോബിനും സംരഭക കൂടിയായ ആരതി പൊടിയും തമ്മിൽ പ്രണയത്തിലായത്. ഒരു യുട്യൂബ് ചാനലിൽ വെച്ച് റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. റോബിൻ തന്നെയാണ് തന്നോട് പ്രണയം പറഞ്ഞിരുന്നതെന്നും തീരുമാനമെടുക്കാൻ താൻ സമയം ചോദിച്ചിരുന്നുവെന്നും ആരതി മുൻപ് പറഞ്ഞിരുന്നു. പരസ്പരം മനസിലാക്കിയ ശേഷം താൻ യെസ് പറയുകയായിരുന്നുവെന്നാണ് ആരതി പറഞ്ഞത്.
Dr. Robin Radhakrishnan and Arathi Podi announce wedding date