മാളവിക മോഹനൻ, മാത്യു തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ക്രിസ്റ്റിയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ് ക്രിസ്റ്റിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം റൊമാന്റിക്ക് സിനിമയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ മാലിദ്വീപും തിരുവനന്തപുരവും ആണ്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ്. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ 17ന് പ്രദർശനത്തിനെത്തും.