Wedding

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു; വരൻ ആരാണ് അറിയണ്ടേ?

Sreevidya Mullachery Wedding

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രൻ ആണ് വരൻ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും വിവാഹ കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.

ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.

ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.

സ്റ്റാര്‍ മാജിക് പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്. സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. അതേസമയം ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. സുരേഷ് ഗോപിയെ നായകനാക്കിയാണ് രാഹുലിന്‍റെ അടുത്ത സിനിമ.

Related Articles

Back to top button