മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ. മൂപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടിബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസീധരനാണ് (48) അറസ്റ്റിലായത്.
പന്തളം, ഏനാത്ത് പോലീസിന്റെ സംയുക്തസംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മോഷ്ടാവ് വലയിലായത്. പന്തളം എസ്എച്ച്ഒ ടി.ഡി. പ്രജീഷ്, ഏനാത്ത് എസ്എച്ച്ഒ അമൃത് സിംഗ് നായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കഴിഞ്ഞ എട്ടിന് രാത്രി പന്തളം കുരമ്പാല സ്വദേശി അനീഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറിലധികം റബർ ഷീറ്റുകളും ആക്ടീവ സ്കൂട്ടറും കവർന്ന കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാൾ ഇതേവരെ 10 കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പന്തളം പോലീസ് സ്റ്റേഷന് പുറമേ അടൂർ, കൊടുമൺ, നൂറനാട് കിളിമാനൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ട്.