ഓസ്കാർ അവതാരകരുടെ പട്ടികയിൽ ദീപിക പദുക്കോണും
Padukone has been shortlisted as a presenter for the 95th Academy Awards
മാർച്ച് 12-ാം തീയതി നടക്കുന്ന 95-മത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകയായി ബോളിവുഡ് നടി ദീപിക പദുക്കോണും എത്തുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന അക്കാദമി പുരസ്കാര ചടങ്ങിലെ അവതാരകരുടെ പട്ടികയിൽ ദീപികയുടെ പേരുമുണ്ട്. നടിയെ കൂടാതെ ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോർഡൻ, റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ട്രോയ് കോട്‌സൂർ, ജെന്നിഫർ കോനെല്ലി, സാമുവൽ എൽ ജാക്‌സൺ, മെലിസ മക്കാർത്തി, സോ സാൽഡാന, ഡോണി യെൻ, ജോനാഥൻ മേജേഴ്‌സ്, ക്വസ്റ്റ്‌ലോവ് എന്നി 16 അവതാരകരാണ് പരിപാടിയിൽ ഉണ്ടാവുക.
ദീപികയും സോഷ്യൽ മീഡിയയിൽ അവതാരകരുടെ പട്ടിക പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. ബോളിവുഡ് നടി നേഹ ധൂപിയ, ദീപികയുടെ സഹോദരി അനിഷ പദുക്കോൺ, രൺവീർ സിംഗ് തുടങ്ങിയ താരങ്ങളും പ്രതികരണം അറിയിച്ചിട്ടുണ്ട്. മാർച്ച് 12ന് (ഇന്ത്യയിൽ സംപ്രേക്ഷണം മാർച്ച് 13ന്) ലോസ് ഏഞ്ചലസിലെ ഡോളി തിയേറ്ററിൽ വച്ചാണ് ചടങ്ങ് നടക്കുക.
മൂന്ന് ഇന്ത്യൻ ചിത്രങ്ങളാണ് ഓസ്കാർ അക്കാദമി പുരസ്കാര അന്തിമ പട്ടികയിൽ ഇത്തവണ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള മുന്ന് ചിത്രങ്ങളിൽ മികച്ച ഗാനത്തിന് എസ് എസ് രാജമൗലിയുടെ ‘ആർ ആർ ആറി’ലെ ”നാട്ടു നാട്ടു” മത്സരിക്കും. ഷൗനക് സെന്നിന്റെ ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്നു. ഗുനീത് മോംഗയുടെ ‘ദി എലിഫന്റ് വിസ്പറേർസ്’ ആണ് മികച്ച ഡോക്യുമെന്ററിയ്ക്കായി മത്സരിക്കുന്ന മറ്റൊരു ചിത്രം.