മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്തു വിട്ടു. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്ന സിനിമയിലെ പുന്നാരകാട്ടിലെ പൂവനത്തിൽ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നിമിഷം നേരം കൊണ്ട് യുട്യൂബിൽ വൈറലായ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്.
പി.എസ്. റഫീഖ് രചിച്ച ഗാനം ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് പാടിയിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
മറാഠാ നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ, മണികണ്ഠൻ ആചാരി, സുചിത്ര നായർ ബംഗാളി താരം കഥ നന്ദി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിച്ചിരിക്കുന്നു. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.
മലൈക്കോട്ടൈ വാലിബൻ 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും.